
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള സിപിഎം–സിപിഐ തർക്കം പുതിയ തലത്തിലേക്ക്. പ്രതിപക്ഷ ഉപനേതൃപദവി സിപിഐക്ക് നൽകില്ലെന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ച പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐയുടെ മുതിർന്ന നേതാവ് സി. ദിവാകരൻ രംഗത്തെത്തി.
സിപിഐ ഒരു ആവശ്യം മുന്നോട്ടുവച്ചിരിക്കുകയാണ്. അത് സാധ്യമല്ലെന്ന് പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഉപനേതൃപദവി നൽകില്ലെന്ന് പറയാൻ പിണറായി വിജയന് എന്താണ് കാര്യമെന്നും ദിവാകരൻ ചോദിച്ചു.
‘പിണറായി വിജയൻ അവസാന വാക്ക് പറയാൻ ആരാണ്? കേരള രാഷ്ട്രീയം ചെന്നുനിൽക്കുന്ന ഏറ്റവും ബുദ്ധിമുട്ടുള്ള സമീപനമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മുന്നണിയെ കൊണ്ടുപോകേണ്ടതും വിട്ടുവീഴ്ച ചെയ്യേണ്ടതും സിപിഎമ്മാണ്. സിപിഎമ്മിന്റെ കയ്യിലുള്ള അവകാശമല്ല സിപിഐ ചോദിച്ചിരിക്കുന്നത്. പിന്നെ എന്തിനാണ് ഇങ്ങനെ ബഹളം വയ്ക്കുന്നത്? ഒരാൾ തരില്ലെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. വിഷയം ചർച്ച ചെയ്യുകയാണ് വേണ്ടത്’, ദിവാകരൻ പറഞ്ഞു.
പ്രതിപക്ഷ ഉപനേതൃപദവിയിൽ സിപിഐ അവകാശവാദം ഉന്നയിച്ചതോടെയാണ് സിപിഎം–സിപിഐ ഭിന്നത ശക്തമായത്. വിഷയത്തിൽ ഇരു പാർട്ടികളുടെയും കേന്ദ്ര നേതൃത്വങ്ങൾ ചർച്ച നടത്തുന്നതിനിടെയാണ് സിപിഎം നേതാവ് തന്നെ ഉപനേതാവാകുമെന്ന പിണറായി വിജയന്റെ പരസ്യ പ്രഖ്യാപനം.
ഇതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തിയിരുന്നു. പ്രതിപക്ഷനേതാവിന്റെ പദവിക്ക് നിരക്കുന്നതല്ല പിണറായി വിജയന്റെ പരാമർശമെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
പിണറായി വിജയന് ‘എല്ലാം താനാണ്’ എന്ന ഭാവമാണെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരിയും കഴിഞ്ഞ ദിവസം പാർട്ടി മുഖപത്രമായ ‘ജനയുഗ’ത്തിലെ ലേഖനത്തിൽ വിമർശിച്ചിരുന്നു.
അതേസമയം, ഉപനേതൃപദവി സിപിഎമ്മിന് തന്നെയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പിണറായി വിജയൻ. ഇക്കാര്യം വ്യക്തമാക്കി സ്പീക്കർക്ക് കത്ത് നൽകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
തർക്കം തുടരുന്നതിനിടെ, മുതിർന്ന ഇടത് നേതാവെന്ന നിലയിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം പിണറായി വിജയൻ സ്വീകരിക്കണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയും ആവശ്യപ്പെട്ടിരുന്നു.
ഉപനേതൃപദവിയെച്ചൊല്ലിയുള്ള തർക്കം പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത് ഇടതുമുന്നണിക്കുള്ളിലെ ഭിന്നതകൾ കൂടുതൽ രൂക്ഷമാകുകയാണ്.










